സംസ്ഥാനത്ത് വയോജന സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കണം : വിസ്ഡം ഫാമിലി കോൺഫറൻസ്

20 May 2024

ആലപ്പുഴ : വയോജന സംരക്ഷണത്തിനായുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ആലപ്പുഴ ജില്ലാ ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വയോജന സൗഹാർദ്ദാന്തരീക്ഷം നഷ്ടപ്പെട്ട് വരുന്നത് സർക്കാർ ഗൗരവമായി കാണണം. തദ്ദേശ സ്വയം സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും സഹകരണത്തോടെ വയോജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികളും, ആരോഗ്യ സംരക്ഷണ പദ്ധതികളും ക്രിയാത്മകമായി ആവിഷ്ക്കരിക്കണം. വയോജന സംരക്ഷണത്തിൻ്റെ പ്രാധാന്യവും, ആവശ്യകതയും സംബന്ധിച്ച് പുതു തലമുറയിൽ ബോധവൽക്കരണം ശക്തമാക്കണം. ധാർമ്മിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്നും ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. വസ്ത്ര ധാരണത്തിലടക്കം മതപരമായ മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നവർ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളെയാണ് തകർക്കാൻ ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾക്കു മേൽ മതവിരുദ്ധ ആശയങ്ങൾ പാഠ്യപദ്ധതി വഴി കുതന്ത്രത്തിലൂടെ ഒളിച്ചു കടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിടണം. ലിവിംഗ് റ്റുഗതർ എന്ന അധാർമിക ജീവിത രീതിക്കെതിരേ ബഹു.കേരള ഹൈക്കോടതിയുടെ നിരീ ക്ഷണം ആശാവഹമാണ്.ഈ ജീവിതരീതിക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്. പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് ജില്ലാ ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത് നിയമ നിർമ്മാണത്തിലുടെ മാത്രം സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ നടപ്പിൽ വരുത്തുക സാധ്യമല്ലെന്നും ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയിൽ പൗരബോധം വളർത്തിയെടുക്കാനും മഹല്ല് തലങ്ങളിൽ പ്രത്യേക ബോധവൽക്കരണം ശക്തമാക്കണമെന്നും ആലപ്പുഴ ജില്ലാ ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു. വിസ്‌ഡം ഇസ്ലാമിക് ഓർഗണൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി. എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു.വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി. എ. മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ നസീബ് കുഞ്ഞുമുഹമ്മദ് , വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി അബ്ദു റഹീം വടുതല, ജില്ലാ ഫാമിലി കോൺഫറൻസ് സ്വാഗത സംഘം ചെയർമാൻ ബഷീർ കണ്ടത്തിൽ എന്നിവർ ആശംസകൾ പറഞ്ഞു.സമ്മേളനത്തിൽ അഥിതികളായി എ. എം. ആരിഫ് എം. പി, അഷ്‌റഫ്‌ വെള്ളേഴത്തു (പ്രസിഡന്റ്‌, അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത്‌ ), പി. എ. ശംസുദ്ധീൻ (പ്രസിഡന്റ് കൊട്ടൂർ കാട്ടുപുറം പള്ളി മഹല്ല് ), ഷാജഹാൻ മൗലവി (ഖത്തീബ് കാട്ടുപുറം പള്ളി ), ഷാനവാസ് (വാർഡ് മെമ്പർ )എന്നിവർ പങ്കെടുത്തു. പീസ് റേഡിയോ സി ഇ ഒ പ്രൊഫ.ഹാരിസ്ബിനു സലീം മുഖ്യ പ്രഭാഷണം നടത്തി.ഹാരിസ് മദനി കായക്കൊടി, ഡോ :ജൗഹർ മുനവ്വർ,ശിഹാബ് എടക്കര, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിസ്‌ഡം നദ് വത്ത് നഗർ മണ്ഡലം സെക്രട്ടറി രാജ്‌വീ ഇബ്നു അബ്ദുള്ള നന്ദി പറഞ്ഞു.