20 May 2024
കോഴിക്കോട്: മദ്‌റസാ വിദ്യാഭ്യാസം എല്ലാവരെയും ഉൾകൊള്ളാൻ തലമുറയെ പ്രാപ്തമാക്കുന്നതും സ്നേഹവും സഹവർത്തിത്വവും സാമൂഹിക പ്രതിബദ്ധതയും കുട്ടികളിൽ വളർത്താൻ പര്യാപ്തവുമാണെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച അധ്യാപക പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. ധാർമിക സദാചാര ബോധം നൽകി വളർത്തി കുട്ടികളിൽ ലക്ഷ്യബോധം പകർന്ന് നൽകുന്ന മദ്റസാ പ്രസ്ഥാനത്തെ സംശയത്തിന്റ മുൾമുനയിൽ നിറുത്താൻ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണം. അതിനൂതനമായ ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ച് മതപഠനവും അധ്യാപനവും കാര്യക്ഷമമാക്കാൻ സമുദായം തയ്യാറാകണം. ആധുനിക സംവിധാനങ്ങളിൽ വളരുന്ന ധാർമിക വിരുദ്ധമായ സാമൂഹിക വെല്ലുവിളികളെ അതിജയിക്കാൻ മദ്റസാ വിദ്യാഭ്യാസത്തിന് സാധിക്കും. സാമൂഹിക പരിഷ്കരണവും രാജ്യത്തിന്റ കെട്ടുറപ്പും സാധ്യമാക്കിയ ചരിത്ര പാഠങ്ങളെ ഉൾകൊള്ളാൻ തലമുറയെ പ്രാപ്തമാക്കണം. മദ്റസ വിദ്യാഭ്യാസം പോലെയുള്ള സംവിധാനങ്ങളെ ശാക്തീകരിക്കാൻ സർക്കാർ തല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അധ്യാപക പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി നടന്ന അധ്യാപക പരിശീലന ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.വിസ്ഡം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ ടി കാവനൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശേരി മുഖ്യപ്രഭാഷണം നടത്തി.ഷൗക്കത്തലി അൻസാരി, ഡോ. ജൗഹർ മുനവർ, അഹ്മദ് കോയ മാസ്റ്റർ മങ്കട, ഡോ.ഷിയാസ് സ്വലാഹി, ഇർഫാൻ സ്വലാഹി, ഡോ. അബ്ദുൽ വഹാബ് സ്വലാഹി, ഒ മുഹമ്മദ് അൻവർ , മുജീബ് ഒട്ടുമ്മൽ , പി.കെ അംജദ് മദനി, അസൈനാർ മാസ്റ്റർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി